അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം. വിരമിച്ച അഞ്ച് ജഡ്ജിമാരെ അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം.
ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയിലെ 224 എ അനുച്ഛേദം പ്രയോഗിച്ചാണ് നടപടി. രണ്ട് വർഷത്തേക്ക് താത്കാലികമായാണ് നിയമനം. സുപ്രീംകോടതി കൊളീജിയം ചൊവ്വാഴ്ചയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ജസ്റ്റിസ് മുഹമ്മദ് ഫായിസ് ആലം ഖാൻ, ജസ്റ്റിസ് മുഹമ്മദ് അസ്ലം, ജസ്റ്റിസ് സയിദ് അഫ്താബ് ഹുസൈൻ റിസ്വി, ജസ്റ്റിസ് രേണു അഗർവാൾ, ജസ്റ്റിസ് ജ്യോത്സന ശർമ എന്നിവരെയാണ് അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമായത്.
അലഹബാദ് ഹൈക്കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായതോടെയാണ് നിയമനങ്ങൾ. എന്നാൽ കാലാവധി അവസാനിക്കുന്നതുവരെ അഡ്ഹോക്ക് ജഡ്ജിമാർക്ക് സ്ഥിരം ജഡ്ജിമാരുടെ അധികാരപരിധിയും പ്രത്യേകാവകാശങ്ങളും ഉണ്ടായിരിക്കും.